Thursday, 1 August 2019

യുറീക്കാ


“എന്താടീ കാറിൽ നിനക്ക് ബിസിനസ്സ്?”
“ഏതവനാടീ കൂടെ?”
“ടാ....നീ ഇവളുടെ ആരാ?”
“നിന്റെ റേറ്റ് എങ്ങനാ? നൈറ്റും ഡേയും നീ പോകുമോ?”
അട്ടയാസങ്ങൾക്കിടയിലും ചോദ്യങ്ങൾ വ്യക്തമായി കേൾക്കാം. ഗുസ്തി മത്സരം പോലെ റിങ്ങിനുള്ളിൽ രണ്ട് പേർ. അവർ പരസ്പരം ഇടിക്കുന്നില്ല....ഇടി കൊള്ളുകയാണ്‌. കൈക്കരുത്തും കാൽക്കരുത്തും അവരിരുവരും ഏറ്റ് വാങ്ങുമ്പോൾ മൃഗീയമായൊരു പുഞ്ചിരി വിടർത്തിയ ചുണ്ടുകളുമായി ആർക്കമിഡീസ് രണ്ടു കാലിൽ ഊന്നി ശക്തമായി നിന്നു.
ആൾക്കൂട്ടത്തിലൊരുത്തൻ കരണത്തടിച്ചത് ചെവിയിലൊരു ഇരമ്പൽ സമ്മാനിച്ചു. അവൾ ചെവി പൊത്തിപ്പിടിച്ച കൈ തിരികെയെടുക്കുമ്പോൾ മൂക്കിൽ തട്ടി. കൈയ്യിൽ ചോരയൊഴുക്കറിഞ്ഞ് ഷാൾ കൊണ്ട് മൂക്ക് പൊത്തി. കണ്ണിൽ നിന്ന് ചൂട് പുകപ്പറക്കുന്നുണ്ട്. അത് കൊണ്ട് തന്നെയാകാം കണ്ണീരാവിയായി പോകുന്നത്.
ഇത്ര ക്രൂരമായി തല്ല് കൊള്ളുമ്പോഴും ആർക്കിമിഡീസിന്റെ പൈശാചികമായ പുഞ്ചിരി അവൾ കാണുന്നുണ്ട്.
പുറകെ വന്ന് ശല്യം ചെയ്തപ്പോൾ താൻ പറഞ്ഞു നോക്കി, കേട്ടില്ല. കൈയ്യിൽ കേറി പിടിച്ചപ്പോൾ ചെരുപ്പൂരി അടിച്ചു. സ്നേഹിക്കാൻ പറഞ്ഞ് തോക്കിൻ മുനയിൽ നിർത്തിയാൽ സ്നേഹിക്കാൻ കഴിയുമോ?
ആൾക്കൂട്ടത്തിലെല്ലാവർക്കും ഇങ്ങനെ വൈരാഗ്യം കാണാം. അവരിടപ്പെട്ട പല പെണ്ണുങ്ങളോടുള്ള തീരാപ്പകയാണ്‌ അവൾ ഒറ്റക്ക് ഏല്ക്കുന്നത്. കൂടെ തല്ലുകൊള്ളുന്നത് ആരാണെന്ന് കൂടി അറിയില്ല. ബസ്സ് പാതി വഴിയിൽ പഞ്ചറായപ്പോൾ വീട്ടിൽ എത്താൻ പ്രയാസപ്പെട്ട് നില്ക്കുകയായിരുന്നു. കൂടെ യാത്ര ചെയ്തവരിൽ ഒരാളുടെ സുഹൃത്തിനെ വിളിച്ചു. അയാൾ കാറുമായി വന്ന് തങ്ങൾ അഞ്ചാറ്‌ പേരെ കയറ്റി യാത്രയായതാണ്‌. ഇനി അവളെ കൂടി ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള പാച്ചിലിനിടയിലാണ്‌ ഒരു തട്ട് കടയ്ക്കരികിൽ നിർത്തിയത്....തട്ടുകടയ്ക്ക് മുമ്പിലാണ്‌ ഇപ്പോൾ!
“ഡാ...ഡാ...നീ എന്താ അഭിനയിക്കുവാണോ...എടാ”
കൂടെ നിന്ന് അടിയേറ്റവന്‌ അനക്കമില്ല. മൂക്കിൽ കൈവച്ച് പലരും പരിശോധിക്കുന്നുണ്ട്. ആൾക്കൂട്ടത്തിന്റെ വൃത്തത്തിന്‌ വ്യാസം വർദ്ധിച്ചു. ഇടയ്ക്കൊക്കെ ചെറിയ വിള്ളലുകളുമുണ്ടായി.
ആർക്കമിഡീസിനെ അതിനിടയിൽ കാണാനുമില്ല.
ഇപ്പോൾ ഇടിച്ചവരില്ല...മൃതപ്രായനായ കൂട്ടാളിയും അവളും ദൂരങ്ങളിൽ നിന്ന് നോക്കുന്ന ചിലരും മാത്രമായി.
അവൾ ചുറ്റും നോക്കി നിലവിളിക്കുന്നത് സ്ഥൂപത്തിൽ കയറിയിരുന്ന് ഒരു സിസി ക്യാമറ കാണുന്നുണ്ടായിരുന്നു.
© ബെൻസൻ കളീലുവിള ✍️

സ്നേഹദീപമേ മിഴി തുറക്കൂ

സ്നേഹദീപമേ മിഴി തുറക്കൂ ---------------------------------------------  കളിമൺപാത്രത്തിനും സ്പടിക പാത്രത്തിനും വീണ്ടെടുപ്പിന്റെ സാധ്യതകൾ രണ്ട്...