Thursday, 16 October 2025

“ലോക - ചാപ്റ്റർ-1” - REVIEW

 


മൂത്തോന്റെ ആജ്ഞാനുസരണം ദീർഘയാത്ര ചെയ്തു എത്തുന്ന ചന്ദ്രയിൽ തുടങ്ങുന്നതാണ്‌ “ലോക - ചാപ്റ്റർ-1”


ബാല്യകാലത്തെ പരിചയിച്ച ഫാന്റസി കഥാപരിസരങ്ങളിലേതു പോലെയുള്ള ദൃശ്യങ്ങളുടെ നിറമാർന്ന ഫ്രെയിമുകൾ ഒരു ടൈം മെഷീൻ കണക്കെ നമ്മുടെ ഉള്ളിലുറഞ്ഞു കിടന്ന സകല മുത്തശ്ശികഥകളെയും ഉണർത്തി കൗതുകം നിറഞ്ഞ കുട്ടികളാക്കി കഴിഞ്ഞിരുന്നു. എന്തൊരു അത്ഭുതമായിരുന്നു അതെന്നോ.... പിന്നെ ഇടയ്ക്കെവിടെയും എന്റെ ലോജിക്കൽ ഥിംക്കിംഗ് ഉണർന്നില്ലെന്ന് മാത്രമല്ല്, ശ്വാസം പിടിച്ചിരുന്ന് ഉദ്വേഗത്തോടെയാണ്‌ സീനുകൾ മാറി മറിയുന്നത് കണ്ടിരുന്നത്. 


‘ചോരയുടെ സ്വാദ്’ ഇഷ്ടമാണെന്ന് പറയുന്നതോട് കൂടി നസ്ളിന്റെ കഥാപാത്രം ഭയചകിതനാകുന്നതോടൊപ്പം എന്നിലെ കുട്ടിയും ഞെട്ടിത്തരിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു. റെഫ്രിജറേറ്ററിൽ സൂക്ഷിച്ചിരിക്കുന്ന ‘ബ്ളഡ് ബാഗുകൾ’ ഫ്രേയിമിൽ തെളിയുമ്പോൾ ഉണ്ടാകുന്ന വല്ലാത്തൊരു ഉൾക്കിടിലം പിന്നെയും പിന്നെയും ‘നീ പക്വത പ്രാപിച്ചിട്ടില്ല ചെക്കാ“ എന്ന് ഉച്ഛൈസ്ത്തരം ഉദ്ഘോഷിക്കുന്നുണ്ടായിരുന്നു. 


കള്ളിയാങ്കാട്ട് നീലിയുടെ ഏറ്റവുമൊടുവിലെ അവതാരമായി ’ചന്ദ്ര‘ അവതരിക്കുന്നത് ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിലാണ്‌ എന്നത് കൊണ്ട് ദഹിക്കാത്ത കഥ വിഴുങ്ങലായി തോന്നുകയേയില്ല. അനീതിയ്ക്ക് എതിരായി നിലയുറപ്പിക്കുന്ന സൂപ്പർ വുമൺ കഥാപാത്രമായി ചന്ദ്ര ഉയരുമ്പോൾ അത് സ്ത്രീപക്ഷ ചിന്തയുടെ ആഘോഷമായാണ്‌ കാഴ്ചവിരുന്നാകുന്നത്. 


സ്ത്രീ സാന്നിധ്യം ചപലതയുടെ, ശൃംഗാരത്തിന്റെ, പ്രേമത്തിന്റെ, ശരീരത്തിന്റെ, കാമത്തിന്റെ ഒക്കെ സ്ഥിരബിംബങ്ങൾ സൃഷ്ടിക്കുമ്പോൾ ‘ചന്ദ്ര’-യുടെ തേറ്റകൾ ദൃശ്യമാകും. അവളുടെ കാഴ്ചയിൽ അപരാധിയുടെ തലയും ഉടലും തമ്മിൽ ബന്ധിപ്പിക്കുന്ന കഴുത്ത് പ്രലോഭനമായി തെളിഞ്ഞു വരും. പിന്നെ ഒരു മിന്നലാട്ടമാണ്‌!!


സ്ത്രീപക്ഷമെന്നോ മനുഷ്യത്വപരമെന്നോ ചിന്തിക്കാവുന്ന തരത്തിലേക്ക് സമൂഹമുയരേണ്ടതുണ്ട് എന്ന് ലോക വിളിച്ച് പറയുന്നതാണ്‌ ഞാൻ കേട്ടത്. സ്ത്രീയെ പ്രാപിക്കാൻ ഏത് നീചത്വവും അവലംബിക്കാൻ മുതിരുന്നവർക്ക് മുമ്പിൽ സ്ത്രീയായി....തീയായി.... യക്ഷിയായി അവൾ രൂപാന്തരം ചെയ്യുമ്പോൾ ഈ പുരുഷാധിപത്യ സമൂഹം ഭയവിഹ്വലരാകുന്നത് വളരെ പ്രകടമാണ്‌. 


സ്ത്രീ തീയാണെന്നും അനീതിയോട് പൊരുത്തപ്പെടാതെ യക്ഷിയിലേക്കുള്ള യാത്രയിലാണെന്നും തിരിച്ചറിവിൽ സമൂഹത്തിന്റെ കാഴ്ചപ്പാട് മാറുമോ? 

ലോകയുടെ ആദ്യ അധ്യായം ചന്ദ്രയിലൂടെ ഇങ്ങനൊക്കെ ചിന്തിക്കാൻ പ്രേരിപ്പിച്ചതിൽ മനസ്സിന്‌ വല്ലാത്ത സന്തോഷമുണ്ട്. 



ഈ ചിത്രം കണ്ട ശേഷം സുഹൃത്തുക്കളുടെ മക്കളായും മറ്റ് കുഞ്ഞുങ്ങളായും പെൺകുട്ടികൾ ‘കരാട്ടെ ബ്ളാക്ക് ബെല്റ്റ്’ തുടങ്ങി ആയോധനകലകളിൽ വിജയം വരിക്കുന്ന വാർത്തകൾ വായിച്ചപ്പോൾ വല്ലാത്തൊരു അഭിമാനം തോന്നി. 


സാധാരണ സിനിമയ്ക്ക് പോകുമ്പോൾ എന്റെ മക്കൾ കണ്ണ്‌ പൊത്തിയിരുന്നും അവരുടെ കഥകൽ പറഞ്ഞുമിരിക്കാറാണ്‌ പതിവ്. എന്നാൽ കണ്ണുപൊത്തലൊക്കെ ഉണ്ടായിരുന്നെങ്കിലും ‘ചന്ദ്ര’എന്ന സൂപ്പർ വുമൺ അവരെയും സ്വാധീനിച്ചു എന്നാണ്‌ അവരുടെ സിനിമാനന്തര പ്രതികരണത്തിൽ നിന്നും മനസ്സിലാക്കുന്നത്. 


പടം കണ്ടിട്ട് കുറച്ചായി....ഇതെഴുതാതിരിക്കാൻ പറ്റാതായതിപ്പഴാണ്‌!!


Lokah Chapter 1: Chandra 

Naslen Kalyani Priyadarshan Dulquer Salmaan

#trendingpost #inspiration

No comments:

Post a Comment

സ്നേഹദീപമേ മിഴി തുറക്കൂ

സ്നേഹദീപമേ മിഴി തുറക്കൂ ---------------------------------------------  കളിമൺപാത്രത്തിനും സ്പടിക പാത്രത്തിനും വീണ്ടെടുപ്പിന്റെ സാധ്യതകൾ രണ്ട്...