Monday, 3 February 2020

പുതുദശാബ്ദം: പ്രതീക്ഷാനിർഭരം






“When we love, we always strive to become better than we are. When we strive to become better than we are, everything around us becomes better too.”
Paulo Coelho, The Alchemist

നാം സ്നേഹിക്കുമ്പോൾ, നാം ആയിരിക്കുന്നതിലും കൂടുതൽ നന്നായിരിക്കുവാനാണ്‌ ശ്രമിക്കുന്നത്‌. നന്നാകുവാനുള്ള പരിശ്രമം ഉള്ളതിനാൽ, നമുക്ക്‌ ചുറ്റുമുള്ളതെല്ലാം കൂടുതൽ നന്നാവുകയും ചെയ്യും. 

(പൗലോ കൊയ്‌ലൊ, ദ് ആൽക്കമിസ്റ്റ്‌) 

നിരാസത്തിന്റെ രാഷ്ട്രീയം വിനിമയം ചെയ്യപ്പെടുന്ന കാലഘട്ടം ഇത്‌ മാത്രമാണോ എന്ന്‌ നിശ്ചയമില്ല. എങ്കിലും ആഴവും പരപ്പുമുള്ള സ്പർദ്ധയുടെ കടൽ ആഗോളീകരണത്തിന്റെ സ്വാധീനത്തിലാകാം, ഭൂഗോളമാകെ വ്യാപിച്ചിരിക്കുന്നു. ചെറിയ മനസ്സുകൾ തുടങ്ങി വൻ കരകൾ തമ്മിൽ പോലും ഉയർത്തിപ്പൊക്കിയ മതിൽക്കെട്ടുകൾ ബലം പ്രാപിച്ച്‌ വരുന്നു എന്നത്‌ മനുഷ്യവംശത്തെ സംബന്ധിച്ച്‌ ആശങ്കാജനകമാണ്‌. പരസ്പരം അറിയുക വഴി സംസ്കാരങ്ങൾ ആലിംഗനബധരാവുകയും മൂല്യങ്ങൾ ക്രയവിക്രയം ചെയ്യപ്പെടുകയും ചെയ്യുമെന്ന്‌ സ്വപ്നം കണ്ടിടത്ത്‌ നിന്ന്‌ കാര്യങ്ങൾ കൈവിട്ട അവസ്ഥയാണ്‌.
വ്യവസ്ഥാപിതമായ വേഗതയും താളാത്ംകതയും ചോദ്യം ചെയ്യപ്പെടുകയും മികച്ചതിലേക്കുള്ള ഗോവേണികളായി കരുതപ്പെട്ട നവീന വഴിത്താരകൾക്ക്‌, പക്ഷെ, ചലനം ഉണ്ടാക്കുവാനേ കഴിഞ്ഞുള്ളു. പുതിയൊരു സുരക്ഷിതത്താവളത്തിൽ എത്തിക്കാൻ ഇത്‌ വരെ കഴിഞ്ഞിട്ടില്ല എന്നതാണ്‌ സത്യം. ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ട്‌. ചൂണ്ട്‌ വിരലുകൾ പല അധികാരകേന്ദ്രങ്ങളെയും അസ്വസ്ഥരാക്കുന്നുമുണ്ട്‌. അവിടെ നിന്ന്‌ ക്രിയാത്മകമായ തുടർച്ചയാണ്‌ ആവശ്യമായിരിക്കുന്നത്‌.
ഹിംസയിലൂടെയും അടിച്ചമർത്തലിലൂടെയും എതിർപക്ഷത്തെ ബലഹീനരാക്കുകയും അവർക്ക്‌ മേൽ അധികാരമുറപ്പിക്കുകയും ചെയ്യുന്ന പരമ്പരാഗത രീതിക്ക്‌ വിപ്ളവകരമായൊരു വിഭിന്നവഴിയൊരുക്കുക വഴിയാണ്‌ മോഹൻദാസ്‌ കരംചന്ദ്‌ ഗാന്ധി ജനമനസ്സുകളിൽ `ബാപ്പു` ആയത്‌. “അഹിംസ”യും “സത്യാഗ്രഹ”വും ശക്തമായ ആയുധങ്ങളായി പരിണമിച്ചതാണ്‌ ഭാരത ചരിത്രത്തിൽ 20-​‍ാം നൂറ്റാണ്ടിന്റെ സംഭാവന.
പുതിയ ദശകത്തിലേക്ക്‌ കടക്കുമ്പോൾ ഉത്തരം കിട്ടാത്ത, അസ്വസ്ഥമായ പല ഇടങ്ങളിലേക്ക്‌ വ്യക്തതയോടെ ഇടപെടാൻ കഴിവുള്ള ചിന്താധാരകളാണ്‌ ആവശ്യം. അസത്യങ്ങളുടെ നീർകുമിളകളിൽ കെട്ടിപ്പൊക്കുന്ന സാമ്രാജ്യങ്ങൾക്ക്‌ ക്ഷണ നേരത്തെ ആയുസ്സേയുള്ളൂ എന്ന അറിവ്‌ വ്യാപകമാകണം. മാനുഷിക മൂല്യങ്ങൾക്ക്‌ മതങ്ങളുമായുള്ള അന്തർധാരയാണ്‌ നവചിന്തകരെ അതിൽ നിന്ന്‌ അകറ്റുന്നത്‌ എന്ന്‌ കരുതാം. ഇത്‌ മതങ്ങളുടെ ജീർണ്ണതയിൽ നിന്ന്‌ ഉളവായ സ്ഥിതി വിശേഷമാണ്‌. മതങ്ങളുടെ ജീർണ്ണത എന്നതിൽ ഉപരി മതങ്ങളെ കൈകാര്യം ചെയ്യുന്നതിലെ മനുഷ്യന്റെ പിടിപ്പുകേടാണ്‌ എന്ന്‌ പറയുന്നതാകും അല്പം കൂടി ശരി. മതങ്ങൾ ഉയർത്തിയ മൂല്യങ്ങൾ അവിടെ നിലനിൽക്കേ തന്നെ, അതിൽ നിന്ന്‌ വ്യതിചലിച്ച്‌ `മത`ത്തിൽ ആണെന്ന അഭിനയമാണ്‌ പ്രശ്നങ്ങൾക്ക്‌ കാരണമാകുന്നത്‌.
വി.യോഹന്നാൻ 8:31 “എന്റെ വചനത്തിൽ നിലനിൽക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി. ”
ഈ ക്രിസ്തുവചസ്സ്‌ അടിസ്ഥാനപ്പെടുത്തി ക്രിസ്തുമത വിശ്വാസി ഒരു ആത്മപരിശോധന നടത്തിയാൽ `ക്രിസ്ത്യാനി` എന്ന പേരിന്‌ യോഗ്യരാണോ എന്ന്‌ തിരിച്ചറിവ്‌ ലഭിക്കും.
പുതിയ ദശാബ്ദം
പ്രതീക്ഷ വച്ച്‌ പുലർത്തണമെങ്കിൽ അതിന്‌ വഴിയൊരുക്കുന്ന പരിശ്രമവും നമ്മിൽ ആവശ്യമാണ്‌. പ്രവർത്തിയില്ലാത്ത വിശ്വാസം നിർജ്ജീവമാണ്‌. (വി.യാക്കോബ്‌ 2:20)
തുടക്കത്തിൽ ഉദ്ധരിച്ച പൗലോ കൊയ്‌ലോയുടെ ആശയം പ്രസക്തമാകുന്നത്‌ ഇവിടെയാണ്‌. സ്നേഹാധിഷ്ഠിതമായൊരു രാജ്യസൃഷ്ടിയ്ക്ക്‌ വേണ്ടിയാണ്‌ ക്രിസ്തു വന്നത്‌. ജീവന്റെ ഓരോ മാത്രയും അതിനായി നീക്കിവച്ച ക്രിസ്തുജീവിതം, ഒടുവിലൊഴുകി വന്ന ചോരത്തുള്ളി വരെ സാധ്യതകൾ തേടുകയായിരുന്നു...സ്നേഹസ്ഥാപനത്തിന്‌ വേണ്ടി. മഹത്തരമായ സ്നേഹാനുഭവം നെഞ്ചിൽ അറിഞ്ഞവരൊക്കെ മെല്ലെ മെല്ലെ അവനെ അന്വേഷിക്കുവാൻ തുടങ്ങി. ഒളിച്ചും പാത്തും ഒരേ മനസ്സുള്ളവർ നാല്‌ ചുവരുകൾ മറയാക്കി പ്രാർത്ഥിക്കാൻ തുടങ്ങി. അങ്ങനെ പരിഭ്രമത്തിന്റെയും അനിശ്ചിതത്വങ്ങളുടെയും ആദിമ നൂറ്റാണ്ടിലാണ്‌ അവൻ അവർക്ക്‌ പലവട്ടം പ്രത്യക്ഷനായി ബലപ്പെടുത്തിയത്‌.
ക്രൈസ്തവ സഭയുടെ തുടക്കം ക്രിസ്തുവിന്റെ ഭൗതിക അസാനിധ്യത്തിന്റെ ആകുലതകളിൽ നിന്നായിരുന്നു. ഭൗതിക അസ്ഥിത്വത്തിൽ അധിഷ്ഠിതമല്ല സഭയെന്ന സത്യം പഠിപ്പിച്ചു കൊണ്ടാണ്‌ ഉഥിതനായ ക്രിസ്തു ബാലപാഠമെന്നോണം അവർക്കിടയിൽ അദൃശ്യനായും ദൃശ്യനായും സഞ്ചരിച്ചത്‌. ഇങ്ങനെ സഭയുടെ ആരംഭത്തെ കുറിച്ചുള്ള അവബോധമാകണം നമ്മെ പുതിയ ആണ്ടുകളിലേക്കും ദശാബ്ദങ്ങളിലേക്കും സഹസ്രാബ്ദങ്ങളിലേക്കും നയിക്കേണ്ടത്‌.
സ്നേഹത്തിന്‌ പ്രത്യേകമായൊരു അത്ഭുതസിദ്ധിയുണ്ട്‌. സ്നേഹിച്ചാൽ പിന്നെ എതിർപക്ഷത്ത്‌ ആരുമുണ്ടാകില്ല....എല്ലാം നമ്മൾ മാത്രമാകുന്ന പരിസരങ്ങളാണ്‌ പുതുദശാബ്ദത്തിൽ നാം സൃഷ്ടിക്കേണ്ടത്‌. അതിന്‌ തുടക്കം കുറിക്കേണ്ടത്‌ നമ്മിൽ തന്നെയാകണം. പ്രാരംഭോദ്ധരണി അങ്ങനെ വീണ്ടും വീണ്ടും വായന ആവശ്യപ്പെടുകയാണ്‌. എല്ലാം ശരിയാകുന്ന, ചുറ്റും ന? നിറയുന്ന മാനസിക വികാസം പ്രാപിക്കലാകണം വൈയക്തിക തലത്തിലേത്‌. പരിശുദ്ധ കന്യക മറിയത്തെ അഭിസംബോധന ചെയ്ത മാലാഖ `നന്മ നിറഞ്ഞവളേ` എന്ന്‌ കണ്ടത്‌ പോലെ, നന്മ നിറഞ്ഞതൊക്കെ കാണാൻ നമ്മുടെ നയനങ്ങൾക്കും കഴിയണം.
യേശു തമ്പുരാൻ മാർത്തയോട്‌ പറഞ്ഞത്‌ പോലെ, നാം പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയും ഇരിക്കുന്നു. മറിയയെ പോലെ നല്ല അംശം തിരഞ്ഞെടുക്കുകയാണ്‌ പ്രധാനം. അത്‌ ആരും അപഹരിക്കയുമില്ല. അറിയുക, തേടി കണ്ടെത്തുക എന്നതൊക്കെ മനുഷ്യന്റെ പൊതു സ്വഭാവമാണ്‌. ഏത്‌ ഗണത്തിലുള്ള അറിവാണ്‌ നാം തേടേണ്ടത്‌ എന്നത്‌ പ്രധാനമാണ്‌. വാർത്തകളുടെ പുറം ചട്ടയണിഞ്ഞ്‌ 24/7 മാധ്യമങ്ങൾ നമ്മെ പല ദിശയിലേക്കും തിരിച്ച്‌ വിടാൻ എപ്പോഴും സജീവരായുണ്ട്‌. പക്ഷെ, നാം അന്വേഷിക്കേണ്ടത്‌ എന്താണ്‌ എന്ന്‌ ക്രിസ്തു മാർത്തയോട്‌ പറയുന്നത്‌ ശ്രദ്ധിക്കാം. സമാധാനത്തിനുള്ള മാർഗ്ഗം കണ്ടെത്താൻ നമ്മുടെ പരിശ്രമം ആവശ്യമാണ്‌. അത്തരം ശുഭസൂചകമായ പ്രവർത്തികളിലാണ്‌ നമ്മുടെ സമയം നിക്ഷേപിക്കേണ്ടത്‌.
ഒരു കാര്യം കൂടി...
ഇക്കഴിഞ്ഞ ദിവസം സൂപ്പർമാർക്കറ്റിൽ, വാങ്ങിയ സാധനങ്ങളുടെ പണം അടയ്ക്കുവാൻ ക്യൂ പാലിച്ച്‌ നില്ക്കുമ്പോഴാണ്‌ ഞാൻ മുന്നിൽ നിൽക്കുന്ന വ്യക്തിയെ ശ്രദ്ധിച്ചത്‌. അജാനബാഹുവായ ഒരു മനുഷ്യൻ! അയാളുടെ ഊഴമായിരുന്നതിനാൽ പണം അടക്കുവാൻ അയാൾ ക്രെഡിറ്റ്‌ കാർഡ്‌ കൗണ്ടർ സ്റ്റാഫിന്‌ നേരെ നീട്ടി. പണം അടച്ച ശേഷം അയാൾ മുന്നോട്ട്‌ നീങ്ങും എന്ന്‌ കരുതി ഇരിക്കുമ്പോൾ, എന്റെ ക്ഷമയെ പരീക്ഷിച്ച്‌ കൊണ്ട്‌ അയാൾ അവിടെ തന്നെ തുടരുകയായിരുന്നു. അൽപ നേരത്തിനുള്ളിൽ നാലോ അഞ്ചോ വയസ്സ്‌ പ്രായമുള്ള ഒരു ബാലൻ ഓടി വന്ന്‌ അയാളുടെ കൈ പിടിച്ച്‌ മെല്ലെ നടന്ന്‌ പോയി. അപ്പോഴാണ്‌ ഞാൻ ശ്രദ്ധിച്ചത്‌, അയാൾ അന്ധനായിരുന്നു!
പുതിയ ദശാബ്ദത്തിലേക്ക്‌ സഞ്ചരിക്കുമ്പോൾ നമ്മുടെ അന്ധതയെ കുറിച്ചുള്ള ബോധ്യത്തിൽ നിന്നാണ്‌ നാം ഒരു കൈ സഹായം സ്വീകരിക്കേണ്ടത്‌. ക്രിസ്തുവിന്റെ കരം ഗ്രഹിച്ച്‌ നടക്കാൻ കഴിയും വിധം ആത്മീയ ഉന്നതി നേടാൻ ഏവർക്കും കഴിയട്ടെ. നമ്മുടെ ഇടവകയുടെ വലിയ പെരുന്നാൾ, താപസവീരനായ മാർ ബർസൗമാ പിതാവിന്റെ മധ്യസ്ഥതയാൽ അനുഗ്രഹദായകമാകട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു.


© ബെൻസൻ കളീലുവിള  ✍️

Published in Shalem Nadam, Perunal Supplement of OCYM , Mar Bursauma Orthodox Church,  Vazhamuttom East      (2020 February)

സ്നേഹദീപമേ മിഴി തുറക്കൂ

സ്നേഹദീപമേ മിഴി തുറക്കൂ ---------------------------------------------  കളിമൺപാത്രത്തിനും സ്പടിക പാത്രത്തിനും വീണ്ടെടുപ്പിന്റെ സാധ്യതകൾ രണ്ട്...