![]() |
| സമയം കൊടുക്കൂ.... |
ഒരു നിമിഷത്തിന്റെ ആയുസ്സ് എത്ര ക്ഷണികമാണ്! പിന്നെ എത്തുന്നത് മറ്റൊരു നിമിഷമാണ്. കഴിഞ്ഞ നിമിഷങ്ങളെ എത്ര വേഗത്തിലാണ് നാം മറക്കുന്നത്!. ഇങ്ങനെ നിമിഷങ്ങളുടെ സഞ്ചയത്തിൽ എവിടെയെങ്കിലും നമുക്ക് നന്മകൾ സംഭവിച്ചതോ നേട്ടങ്ങളുണ്ടായതോ ആണ് ഒരു പക്ഷെ ഓർത്തെടുക്കുക.
ഒഴുകുന്ന് പുഴപോലെ ഒരിക്കൽ ചവിട്ടിയ പുഴയിൽ വീണ്ടുമൊരിക്കൽ കൂടി നില്ക്കാനാകില്ല എന്നതു പോലെ നിമിഷങ്ങളും ഇങ്ങനെ നമ്മെ തഴുകി മാഞ്ഞു വിസ്മൃതമാവുകയാണ്. ഈ ഒഴുക്കിൽ നമ്മുടെ കാഴ്ചയിലൂടെ മിന്നി മറഞ്ഞ എത്രയെത്ര മുഖങ്ങളാണ് ഉള്ളത്. അപ്പോൾ ഒരു പുഞ്ചിരി കൊണ്ട് അടയാളപ്പെടുത്തിയവരെ പിന്നീടൊരിക്കലും ഓർത്തിട്ടു പോലുമില്ല. എത്ര മനുഷ്യരെയാണ് നാം കണ്ടിട്ടുള്ളത്. അവരിൽ എത്ര പേരുമായാണ് നമുക്ക് ബാന്ധവം ഉള്ളത്?
എല്ലാം നമ്മുടെ അനുഭവത്തിന്റെ വ്യത്യസ്ത തോതുകളിലൂടെയാണ് സ്വീകാര്യമാകുന്നത്. ഓർക്കപ്പെടുന്നതും വിസ്മൃതിയുടെ കാണാപ്പുറങ്ങളിൽ മാഞ്ഞു പോകുന്നതും. നിർബന്ധിച്ച് ആരെയാണ് സ്നേഹിക്കാൻ പ്രേരിപ്പിക്കാവുന്നത്? അതാർക്കും സാധ്യമല്ല. ആരുടെയും സ്നേഹം പിടിച്ചെടുക്കാനുമാകില്ല.
സ്വാഭാവികവും ജൈവവുമായ ആത്മബന്ധത്തിന്റെ സ്വർണ്ണനൂലുകൾ കൊണ്ട് മാത്രമേ ബന്ധങ്ങളെ, സൗഹൃദങ്ങളെ നെയ്തെടുക്കാനാകൂ.
അതിന് വേണ്ടത് വിലപിടിപ്പുള്ള സമ്മാനങ്ങളോ, സമ്പത്തോ ഒന്നുമല്ല..... അതിലും വിലയുള്ള നിങ്ങളുടെ സമയമാണ്. സമയം നല്കാതെ നിങ്ങൾ മറ്റെന്തൊക്കെ നല്കിയാലും സ്നേഹം വളരുകയില്ല. ബന്ധങ്ങൾ ബലവത്താവുകയില്ല.
കേൾക്കാൻ സമയം കൊടുക്കൂ.... ചെറിയ ചെറിയ കാര്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കൂ....നന്മ പറയൂ.....അത്രയൊക്കെ മതി !!
© ബെൻസൻ കളീലുവിള ✍️

