“മോനെ, എന്റെ ഫോൺ കേടാണ്...ഇതൊന്ന് ശരിയാക്കിത്തരാമോ”
മൊബൈൽ റിപ്പയറിംഗ് കടയിലെ ടെക്നീഷ്യൻ വയോധികനായ പിതാവിൽ നിന്ന് ഫോൺ വാങ്ങി പരിശോധിച്ചിട്ട് പറഞ്ഞു;
“അച്ഛാ, ഇതിന് കുഴപ്പമൊന്നും കാണുന്നില്ലല്ലോ...ഞാൻ സ്വിച്ചോഫ് ചെയ്ത് ഓൺ ചെയ്തിട്ടുണ്ട്”
“പിന്നെന്താ ഇതിൽ എന്റെ മക്കളുടെ ഫോൺ കോളുകൾ വരാത്തത്?”
ഇത് പറയുമ്പോഴേക്കും ആ വയോവൃദ്ധൻ പൊട്ടിത്തകർന്ന് ചിതറിപ്പോയിരുന്നു.
അതിലൊരു ചില്ലു കണ്ടുനിന്നവരുടെ ചങ്കുകളിൽ തറച്ച് കയറി.
ചിതറിയ ചില്ലുകളിൽ ചിലത് ലോകത്തിന്റെ നാലു ദിക്കുകളിലേക്ക് പാഞ്ഞുപോയി
കടലുകൾ താണ്ടി ചിലത് വയോവൃദ്ധന്റെ മക്കളുടെ തലയ്ക്ക് മീതെ ശാപമഴ തീർത്തു
തോരാത്ത ശാപമഴയിൽ ചൂടിയ കുടയങ്ങലിഞ്ഞു പോയി
മഴത്തുള്ളിക്ക് ചുടുകണ്ണീരിന്റെ ചൂടും രുചിയുമുണ്ടായിരുന്നെന്ന്
ചെറുമക്കൾ പറഞ്ഞപ്പോൾ ശരിക്കുമാ മക്കൾ പകച്ചുപോയി
തോരാമഴയത്ത് കിട്ടിയ വണ്ടിക്ക്
പാഞ്ഞെത്തിയവർ
ഫോൺ കമ്പനിക്കാരുമായി മല്ലിടുന്ന അച്ഛനെയാണ് കണ്ടത്.
മണ്ട ശിരോമണി അച്ഛൻ!!
© ബെൻസൻ കളീലുവിള
No comments:
Post a Comment