Tuesday, 30 July 2019

അമ്മമരം

തിരിച്ച് നടക്കുമ്പോൾ കൈയ്യും മനസ്സും വല്ലാത്തൊരു നഷ്ടം തിരിച്ചറിഞ്ഞു. ഇനി ഒരു തിരിഞ്ഞു നോട്ടത്തിന്‌ ഇവിടെ യാതൊരു അർത്ഥവുമില്ല. ബസ് സ്റ്റോപ്പിൽ നിന്ന് ബസ് കണ്മറയത്ത് നിന്ന് മായുന്നത് വരെ നോക്കിനിന്നിട്ടാണ്‌ താൻ മടങ്ങിയത്. പിന്നെ ഒരു നോട്ടം കൊണ്ട് നഷ്ടപ്പെടലിന്റെ വഴിത്താര കാണാമെന്നെ ഉള്ളൂ.
നഷ്ടബോധമുണ്ടാകുന്നത് ശരിക്കും മനസ്സിൽ വേദന അടയാളപ്പെടുത്തുന്നുണ്ട്. എന്നാൽ അത് സ്വന്തമായതെപ്പോഴാണ്‌ എന്ന ഒരു ഓർമ്മപോലും ഇത് വരെ ഉണ്ടായത് ഓർമ്മയിലില്ല. അതങ്ങനെയാണ്‌, കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയുന്നത് വിരളമായി ചിലർ മാത്രമാണല്ലോ.
‘പോയി അല്ലേ, മകനായിരുന്നോ കൂടെ’ - എതിരെ വന്ന രാജുവാശാരിയാണ്‌ ചോദ്യം എറിഞ്ഞത്.
മൂർച്ചയുള്ള ഉളികൊണ്ട് പരുത്ത പ്രതലത്തെ മിനുമിനുത്ത കണ്ണാടിയാക്കുന്ന ആളാണ്‌. ചോദ്യത്തിനും ആ മൂർച്ചയുണ്ടായിരുന്നു എങ്കിലും അപ്പോൾ ഒന്ന് പുഞ്ചിരിക്കാനേ അയാൾക്ക് കഴിഞ്ഞുള്ളു.
ചിലർക്കറിയേണ്ടത് അവരുടെ യാത്രയുടെ ലക്ഷ്യമായിരുന്നു. മറ്റുചിലർക്ക് മകന്റെ സാമ്പത്തിക ഭദ്രതയെപ്പറ്റിയാണ്‌. ചികിത്സയിൽ രോഗം ഭേദമാകുമോ എന്ന് ചിലരുടെ നിഷ്കളങ്കമായ ചോദ്യങ്ങളും ആ നടത്തത്തിൽ അയാളെ എതിരേറ്റു. ചോദ്യമിങ്ങനെ പലതായിരുന്നെങ്കിലും ഒക്കെക്കും അന്ന് ഒറ്റ ഉത്തരമേ അയാളുടെ പക്കലുണ്ടായിരുന്നുള്ളു....വിറങ്ങലിച്ച് മഞ്ഞിച്ചൊരു പുഞ്ചിരി. അല്ല, അയാൾ ഒരു രാഷ്ട്രീയ നിരീക്ഷകനൊന്നുമല്ലല്ലോ - അറിയാത്തൊരു കാര്യത്തെ കുറിച്ച് വാചകമടിക്കാൻ!
അയാളുടെ യാത്ര അവസാനിച്ചില്ല....തന്റെ ഗ്രാമവും കടന്ന് സമീപ ഗ്രാമങ്ങളും താണ്ടി അപരിചിതരുടെ ഇടയിലൂടെ അയാൾ യാത്ര തുടർന്നു...അയാൾക്ക് സ്വന്തമെന്ന് കരുതിയിരുന്ന അമ്മ ഇന്ന് സ്വന്തക്കാരുടെ തണലിലേക്ക് മാറ്റി നടപ്പെട്ട വടവൃക്ഷമായി. ആ തണൽ വേണ്ടിയിരുന്നയാൾ ഇന്ന് തനിച്ചായി.

© ബെൻസൻ കളീലുവിള

No comments:

Post a Comment

സ്നേഹദീപമേ മിഴി തുറക്കൂ

സ്നേഹദീപമേ മിഴി തുറക്കൂ ---------------------------------------------  കളിമൺപാത്രത്തിനും സ്പടിക പാത്രത്തിനും വീണ്ടെടുപ്പിന്റെ സാധ്യതകൾ രണ്ട്...