കഥാഗതി തേടുന്ന കഥയുടെ തുടർച്ച....
നഷ്ടസൗഭാഗ്യങ്ങളുടെ കണക്കെടുപ്പ് തുടങ്ങാൻ മനസ്സ് അനുവദിക്കാത്തിടത്തോളം പോരാടുക എന്നതു തന്നെയാണ് തീരുമാനം.
പണ്ടെങ്ങോ നാടു വിട്ടു പോയ ഏമാന്റെ അടിമപ്പണിക്കാരനായിരുന്നു കുഞ്ഞച്ചന്റെ മുതുമുത്തച്ഛൻ. ഏമാന്റെ കുടുംബജീവിതം അത്ര വെടിപ്പല്ലാഞ്ഞത് ‘ഉർവ്വശിശാപം ഉപകാരമായത്’ പോലെയായി വേലക്കാരുടെ കുടുംബത്തിന്. അവിടെ തുടങ്ങുകയായിരുന്നു അവരുടെ കുടുബചരിത്രത്തിന്റെ സുവർണ്ണകാലം. ഇങ്ങനെ കാലം തലമുറകളിലൂടെ വളരെ ‘സ്മൂത്തായി’ ഒഴുകി ഒഴുകി വരുന്നതിന് ഇടയിലാണ് മുമ്പ് നമ്മൾ പറഞ്ഞ ‘അശാന്തത’ വെള്ളിടിപോലെ വന്നു പതിച്ചത്.
രേഖകളിൽ ഇപ്പോഴും തങ്ങൾ കയ്യാളുന്ന സ്വത്തുക്കളും സ്ഥാവരജംഗമ വസ്തുക്കളും ‘ഏമാന്റെ’ പേരിൽ തന്നെയാണ്. നിയമപരമായി ഒരു കൈമാറ്റവും സംഭവിച്ചിട്ടില്ല. ഏമാന്റെ അറിയപ്പെടുന്ന ബന്ധുക്കൾ ആരും അവിടങ്ങളിൽ ഇല്ലാത്തത് വലിയൊരു അനുഗ്രഹവുമായി.
ഇപ്പോൾ പക്ഷെ, കുഞ്ഞച്ചൻ വല്ലാത്ത മാനസിക പിരിമുറുക്കത്തിലാണ്. ഏമാന്റെ വകയിലെ ഏതോ അനന്തരാവകാശി ‘വേരുകൾ’ തേടിയൊരു യാത്രയ്ക്കിറങ്ങിയിട്ടുണ്ടത്രേ!
