സ്നേഹദീപമേ മിഴി തുറക്കൂ
---------------------------------------------
കളിമൺപാത്രത്തിനും സ്പടിക പാത്രത്തിനും വീണ്ടെടുപ്പിന്റെ സാധ്യതകൾ രണ്ട് വിധത്തിലാണ്. കളിമൺപാത്രം ഉടഞ്ഞു പോയാൽ വീണ്ടുമൊന്ന് കുതിർത്ത് രൂപാന്തരപ്പെടുത്തി മറ്റൊരു നിർമ്മിതി ഉണ്ടാക്കുന്നതിൽ തെല്ലൊരു അധ്വാനമുണ്ട്.
അതേ അവസരത്തിൽ സ്പടിക പാത്രം പൊട്ടിച്ചിതറിയാൽ വീണ്ടെടുപ്പ് അത്ര എളുപ്പമല്ല. ഒട്ടനവധി പ്രക്രിയകളിലൂടെയും സമയം കൂടുതൽ ആവശ്യമായ തരത്തിലും മാത്രമേ ഒരു വീണ്ടെടുപ്പ് സാധ്യമാകൂ.
തിരിച്ചു വരാനാവാത്തവിധം ഒരിക്കലും ആരും നഷ്ടമായിപ്പോകരുത്. തെറ്റിപ്പോയ ഒരാടിനെ തേടിപ്പോയത് കൊണ്ടാണ് ചരിത്രവായനയിൽ ‘ക്രിസ്തു - നല്ല ഇടയനായി’ തുടരുന്നത്. വലിയൊരു സമൂഹത്തെ നയിക്കുന്നതിൽ തന്നെ തെറ്റിപ്പോയ ചെറിയ അജഗണത്തെ വീണ്ടെടുക്കുകയായിരുന്നു നല്ല ഇടയന്റെ ദൗത്യം.
“ഏതൊരു പുണ്യവാനും ഒരു ഭൂതകാലമുണ്ടായിരുന്നു. എന്നാൽ, ഏതൊരു പാപിക്കും നല്ലൊരു ഭാവികാല സാധ്യതയുമുണ്ട്”
Every saint has a past, every sinner has a future
ഈ സാധ്യതയാണ് വീണ്ടെടുപ്പിന്റെ സുവിശേഷം. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമത സംബന്ധിച്ച് നാം കേട്ടിട്ടുണ്ട്.
സമാനമായി നാം ജീവിക്കുന്നത് നമ്മുടെ ജീവിതം മാത്രമല്ല, ചുറ്റുമുള്ളവരുടെ ജീവിതങ്ങളുടെ ഒരു ചെറുകണവും ചേർന്നതാണ് ഇത്. നമ്മൾ പുരോഗമനത്തിന്റെ പാതയിൽ സഞ്ചരിക്കുമ്പോൾ നാം പ്രതിനിധാനം ചെയ്യുന്ന സമൂഹവും പുരോഗമിക്കുന്നുണ്ട്. മറിച്ച്, നാം നമ്മെ വിലമതിക്കാതെ പിന്നോട്ട് നടക്കുന്നുണ്ടെങ്കിൽ നമുക്ക് ചുറ്റും നാശോന്മുഖമായ ആശയപ്രചരണം കൂടിയാണ് നടത്തുന്നത്.
ഒരു വീണ്ടെടുപ്പും വ്യകതിപരമല്ല എന്ന് ചുരുക്കം. നാം പുനഃരുദ്ധരിക്കപ്പെടുമ്പോൾ പലരിലും സ്വാധീനം ഉണ്ടാകും. ഒരു വീണ്ടെടുപ്പ് മറ്റൊരു വീണ്ടെടുപ്പിലേക്ക് നയിക്കും. വെള്ളം തിളയ്ക്കുന്നതു പോലെ ഓരോ കണവും ചലനാത്മകമായി ഊർജ്ജം പ്രാപിച്ച് ആ സിസ്റ്റം മുഴുവനും തിളയ്ക്കുന്നതു പോലെ, സാമൂഹിക ഉന്നമനം ആത്മീയ തലത്തിലുൾപ്പടെ ഉണ്ടാകും.
“ലോകം മുഴുവൻ സുഖം പകരാനായി
സ്നേഹദീപമേ മിഴി തുറക്കൂ
കദനനിവാരണ കനിവിന്നുറവേ
കാട്ടിൻ നടുവിൽ വഴി തെളിക്കൂ”



