Tuesday, 30 July 2019

അമ്മമരം

തിരിച്ച് നടക്കുമ്പോൾ കൈയ്യും മനസ്സും വല്ലാത്തൊരു നഷ്ടം തിരിച്ചറിഞ്ഞു. ഇനി ഒരു തിരിഞ്ഞു നോട്ടത്തിന്‌ ഇവിടെ യാതൊരു അർത്ഥവുമില്ല. ബസ് സ്റ്റോപ്പിൽ നിന്ന് ബസ് കണ്മറയത്ത് നിന്ന് മായുന്നത് വരെ നോക്കിനിന്നിട്ടാണ്‌ താൻ മടങ്ങിയത്. പിന്നെ ഒരു നോട്ടം കൊണ്ട് നഷ്ടപ്പെടലിന്റെ വഴിത്താര കാണാമെന്നെ ഉള്ളൂ.
നഷ്ടബോധമുണ്ടാകുന്നത് ശരിക്കും മനസ്സിൽ വേദന അടയാളപ്പെടുത്തുന്നുണ്ട്. എന്നാൽ അത് സ്വന്തമായതെപ്പോഴാണ്‌ എന്ന ഒരു ഓർമ്മപോലും ഇത് വരെ ഉണ്ടായത് ഓർമ്മയിലില്ല. അതങ്ങനെയാണ്‌, കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയുന്നത് വിരളമായി ചിലർ മാത്രമാണല്ലോ.
‘പോയി അല്ലേ, മകനായിരുന്നോ കൂടെ’ - എതിരെ വന്ന രാജുവാശാരിയാണ്‌ ചോദ്യം എറിഞ്ഞത്.
മൂർച്ചയുള്ള ഉളികൊണ്ട് പരുത്ത പ്രതലത്തെ മിനുമിനുത്ത കണ്ണാടിയാക്കുന്ന ആളാണ്‌. ചോദ്യത്തിനും ആ മൂർച്ചയുണ്ടായിരുന്നു എങ്കിലും അപ്പോൾ ഒന്ന് പുഞ്ചിരിക്കാനേ അയാൾക്ക് കഴിഞ്ഞുള്ളു.
ചിലർക്കറിയേണ്ടത് അവരുടെ യാത്രയുടെ ലക്ഷ്യമായിരുന്നു. മറ്റുചിലർക്ക് മകന്റെ സാമ്പത്തിക ഭദ്രതയെപ്പറ്റിയാണ്‌. ചികിത്സയിൽ രോഗം ഭേദമാകുമോ എന്ന് ചിലരുടെ നിഷ്കളങ്കമായ ചോദ്യങ്ങളും ആ നടത്തത്തിൽ അയാളെ എതിരേറ്റു. ചോദ്യമിങ്ങനെ പലതായിരുന്നെങ്കിലും ഒക്കെക്കും അന്ന് ഒറ്റ ഉത്തരമേ അയാളുടെ പക്കലുണ്ടായിരുന്നുള്ളു....വിറങ്ങലിച്ച് മഞ്ഞിച്ചൊരു പുഞ്ചിരി. അല്ല, അയാൾ ഒരു രാഷ്ട്രീയ നിരീക്ഷകനൊന്നുമല്ലല്ലോ - അറിയാത്തൊരു കാര്യത്തെ കുറിച്ച് വാചകമടിക്കാൻ!
അയാളുടെ യാത്ര അവസാനിച്ചില്ല....തന്റെ ഗ്രാമവും കടന്ന് സമീപ ഗ്രാമങ്ങളും താണ്ടി അപരിചിതരുടെ ഇടയിലൂടെ അയാൾ യാത്ര തുടർന്നു...അയാൾക്ക് സ്വന്തമെന്ന് കരുതിയിരുന്ന അമ്മ ഇന്ന് സ്വന്തക്കാരുടെ തണലിലേക്ക് മാറ്റി നടപ്പെട്ട വടവൃക്ഷമായി. ആ തണൽ വേണ്ടിയിരുന്നയാൾ ഇന്ന് തനിച്ചായി.

© ബെൻസൻ കളീലുവിള

ക്ളാസ്സ് ലീഡർ

പുതുതായി അഡ്മിഷൻ കിട്ടിയതാണ്‌.

പുതിയ ക്ളാസ്സ്, പുതിയ പരിസരം - ഒട്ടും പരിചിതമല്ലാത്ത പുതിയൊരിടം.
ക്ളാസ്സുകൾ തുടങ്ങി കഴിഞ്ഞാണ്‌ അഡ്മിഷൻ തരപ്പെട്ടത്. അത് മറ്റൊരു കഥയാണ്‌. പിന്നീടൊരിക്കൽ അതേ പറ്റി പറയാം.
ചാക്കോ സാർ പറഞ്ഞു: “ഇപ്പോൾ സ്പെഷ്യൽ ഓർഡർ വഴി അഡ്മിഷൻ തരുകയാണ്‌. പക്ഷെ ഒരു ടെസ്റ്റ് കാണും ..അധികം വൈകാതെ”
അല്പം നെടുവീർപ്പോടെയാണ്‌ സാറിന്റെ വാക്കുകളെ ഞാൻ സ്വാംശീകരിച്ചത്. പരീക്ഷകളോട് പൊതുവെ എനിക്ക് പുച്ഛമാണ്‌. അൻപാർലമെന്ററിയായ ഈ പ്രവണത പലപ്പോഴും നമ്മുടെ യഥാർത്ഥ കഴിവുകളുടെ തുലനം ചെയ്യലല്ല എന്നാണ്‌ പണ്ട് മുതൽ തന്നെയുള്ള എന്റെ അഭിപ്രായം. നമ്മുടെ അഭിപ്രായങ്ങൾക്ക് വില കല്പിക്കുന്ന ഒരു സമൂഹം ഉണ്ടെങ്കിലേ നമ്മുടെ ചിന്തകൾക്ക് ചിറക് മുളയ്ക്കുകയുള്ളൂ. അത്തരം ഒരു ആരാധകവൃന്ദത്തിന്റെ മധ്യത്തിലൂടെ വെള്ളിവെളിച്ചത്തിൽ ഞാൻ എത്ര വട്ടം നടന്നിരിക്കുന്നു എന്റെ സ്വപ്നങ്ങളിൽ! ചില സ്വപ്നങ്ങൾ ഒക്കെ പകൽ കണ്ടതാണ്‌. എനിക്ക് സ്വപ്നം കാണാൻ രാത്രി ഉറങ്ങണമെന്നൊന്നും ഇല്ല. കോളജ് ക്ളാസ്സുകളിൽ ഒന്നാം അവറിൽ പോലും ഞാൻ സ്വപ്നം കണ്ടിരിക്കുന്നു. അതിന്‌ എന്നെ വല്ലാതെ പുകഴ്ത്തിയ മിസ്സിന്റെ മുഖം ഇപ്പോഴും ഞാൻ മറന്നിട്ടില്ല (പേര്‌ മറന്നു പോയി...ഓർത്തെടുക്കാവുന്നതെയുള്ളു...അത് പിന്നീടാകട്ടെ)
ചാക്കോ സാർ എന്നെയും കൂട്ടി ക്ളാസ്സിലേക്ക് നടന്നു. എന്റെ അച്ഛനും കൂടെ ഉണ്ടായിരുന്നു. ഒരു അധ്യാപിക പഠിപ്പിക്കുന്ന ക്ളാസ്സ് പെട്ടന്ന് നിശബ്ദമായി. ചാക്കോ സാർ എന്നെ ക്ളാസ്സിലേക്ക് കൈപിടിച്ച് കൂടെ നിർത്തി.
“ദിസ് ഇസ് അവർ ന്യൂ സ്റ്റുഡന്റ് ആൻഡ് യുവർ ന്യൂ ഫ്രൻഡ്. ഹീ വിൽ സ്റ്റാർട്ട് ഫ്രം ടുഡേ.”
പിന്നെ എന്നോടായി ഒരു ബഞ്ച് ചൂണ്ടി കാണിച്ച് അവിടെ പോയിരിക്കാനും പറഞ്ഞു.
ദൈവത്തിന്റെ സ്വന്തം നാട്ടിലെ പഠിത്തത്തിന്റെ തുടക്കം അവിടെ ആയിരുന്നു.
അന്ന് തന്നെ പല കൂട്ടുകാരെയും പരിചയപ്പെട്ടു. ചില തരുണിമണികളെ ഇടക്കണ്ണുകൊണ്ട് ഞാൻ സ്കെച്ച് ചെയ്യാനും മറന്നില്ല. കാരണം ഉണ്ട്, ഒരേ ക്ളാസ്സു മുറിയിൽ തരുണികളുടേ സാന്നിധ്യം എന്റെ ജീവിതത്തിൽ മുമ്പ് ഉണ്ടായിട്ടില്ല. മുമ്പത്തെ സ്ക്കൂളിൽ ബോയ്സ് മാത്രമേയുണ്ടായിരുന്നുള്ളു.
ആ ആഴ്ചയിൽ തന്നെ പുതിയ യൂണിഫോമും പുസ്തകങ്ങളും ഒക്കെ കരഗതമായി. നോട്ടുകൾ എഴുതി തുടങ്ങി. ഹോം വർക്കുകളും മറ്റു പണികളും ചെയ്ത് തുടങ്ങി.
അങ്ങനെ ഒരു ദിവസം ഫസ്റ്റ് ബെല്ലിന്‌ കുറെ മുമ്പ് ഞാൻ ക്ളാസ്സിൽ എത്തി. വെറുതെ സൊറ പറഞ്ഞിരിക്കുമ്പോൾ ഒരു കൂട്ടം പൂമ്പാറ്റകൾ ഉദ്യാനത്തിൽ പൂക്കൾ തേടി മന്ദം മന്ദം പറക്കുമ്പോലെ നമ്മുടെ തരുണികളിൽ ഒരുപറ്റം നടന്ന് വരുന്നത് അശ്രദ്ധമായി ഇരിക്കുന്നു എന്ന ഭാവേന ഇരുന്ന ഞാൻ നന്നായി കണ്ടു.
‘മത്സിന്റെ നോട്ട് ബുക്ക് തരാമോ?’
ഒരുവൾ എന്നെ നോക്കി മൊഴിഞ്ഞു.
എന്തിനാണ്‌ എന്ന് പോലും ചോദിക്കാതെ ഒരു യന്ത്രമനുഷ്യനെ പോലെ ഞാൻ എന്റെ ബാഗിൽ നിന്ന് അവൾ ആവശ്യപ്പെട്ട ബുക്ക് അവൾക്ക് നേരെ നീട്ടി.
ചെറിയൊരു പുഞ്ചിരി സമ്മാനിച്ച് കൊലിസിന്റെ ശബ്ദവും മുഴക്കി മെല്ലെ അവൾ അകന്നു പോയി.
അതിന്‌ ശേഷം കൂട്ടുകാരുമായി സൊറ പറച്ചിൽ തുടർന്നു. ടീച്ചർമാർ ക്ളാസ്സുകൾ ഓരോന്നായി എടുത്തു. പക്ഷെ ഞാനൊന്നും കേട്ടില്ല. എന്റെ മനസ്സിൽ അവൾ മാത്രമായിരുന്നു.
“എന്റെ ബുക്ക് എന്തിനാണ്‌ അവൾ വാങ്ങിയത്?
ഇത് ഒരു സൂചനയോ മറ്റോ ആണോ? ”
5 ലക്ഷത്തിന്റെ ലോട്ടറി അടിച്ചവനെ പോലെ ഒരു സ്വപ്ന ലോകത്ത് ഞാനങ്ങ് വിഹരിക്കുകയായിരുന്നു, ആ കാഴ്ച കാണുന്നത് വരെ.
ഇന്റർവെൽ
കൈയ്യിൽ ഒരു കൂമ്പാരം ബുക്കുകളുമായി അവൾ പോകുന്നു സ്റ്റാഫ് റൂമിലേക്ക്.
കഴിഞ്ഞ ദിവസത്തെ ഹോംവർക്ക് കളക്റ്റ് ചെയ്തുള്ള പോക്കാണെന്ന് വിവേകം വന്നപ്പോഴാണ്‌ മനസ്സിലായത്.
ഏതൊരു ലോട്ടറി എടുത്തവനെ പോലെയും റിസൾട്ട് വരുന്നത് വരെ ലക്ഷാധിപതിയായി ഇരിക്കാൻ ഉള്ള ഒരു സുഖം അന്ന് അനുഭവിച്ചറിഞ്ഞു.


© ബെൻസൻ കളീലുവിള

മണ്ട ശിരോമണി അച്ഛൻ!


“മോനെ, എന്റെ ഫോൺ കേടാണ്‌...ഇതൊന്ന് ശരിയാക്കിത്തരാമോ”
മൊബൈൽ റിപ്പയറിംഗ് കടയിലെ ടെക്നീഷ്യൻ വയോധികനായ പിതാവിൽ നിന്ന് ഫോൺ വാങ്ങി പരിശോധിച്ചിട്ട് പറഞ്ഞു;
“അച്ഛാ, ഇതിന്‌ കുഴപ്പമൊന്നും കാണുന്നില്ലല്ലോ...ഞാൻ സ്വിച്ചോഫ് ചെയ്ത് ഓൺ ചെയ്തിട്ടുണ്ട്”
“പിന്നെന്താ ഇതിൽ എന്റെ മക്കളുടെ ഫോൺ കോളുകൾ വരാത്തത്?”
ഇത് പറയുമ്പോഴേക്കും ആ വയോവൃദ്ധൻ പൊട്ടിത്തകർന്ന് ചിതറിപ്പോയിരുന്നു.
അതിലൊരു ചില്ലു കണ്ടുനിന്നവരുടെ ചങ്കുകളിൽ തറച്ച് കയറി.
ചിതറിയ ചില്ലുകളിൽ ചിലത് ലോകത്തിന്റെ നാലു ദിക്കുകളിലേക്ക് പാഞ്ഞുപോയി
കടലുകൾ താണ്ടി ചിലത് വയോവൃദ്ധന്റെ മക്കളുടെ തലയ്ക്ക് മീതെ ശാപമഴ തീർത്തു
തോരാത്ത ശാപമഴയിൽ ചൂടിയ കുടയങ്ങലിഞ്ഞു പോയി
മഴത്തുള്ളിക്ക് ചുടുകണ്ണീരിന്റെ ചൂടും രുചിയുമുണ്ടായിരുന്നെന്ന്
ചെറുമക്കൾ പറഞ്ഞപ്പോൾ ശരിക്കുമാ മക്കൾ പകച്ചുപോയി
തോരാമഴയത്ത് കിട്ടിയ വണ്ടിക്ക്
പാഞ്ഞെത്തിയവർ
ഫോൺ കമ്പനിക്കാരുമായി മല്ലിടുന്ന അച്ഛനെയാണ്‌ കണ്ടത്.
മണ്ട ശിരോമണി അച്ഛൻ!!

© ബെൻസൻ കളീലുവിള

സ്നേഹദീപമേ മിഴി തുറക്കൂ

സ്നേഹദീപമേ മിഴി തുറക്കൂ ---------------------------------------------  കളിമൺപാത്രത്തിനും സ്പടിക പാത്രത്തിനും വീണ്ടെടുപ്പിന്റെ സാധ്യതകൾ രണ്ട്...